Mar 18, 2024 11:31 AM

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉള്‍പ്പടെ ഗ്രൂപ്പില്‍ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താന്‍ നിര്‍ദ്ദേശിക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ: സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടര്‍ന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയതുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീന്‍ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. മുന്നറിയിപ്പുമായി കേരളാ പൊലീസ്: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണമെന്ന് കേരളാ പൊലീസ് പറഞ്ഞു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Financial Fraud by Telegram; Police with warning

Top Stories